തിരുവനന്തപുരം: ദീപിക തിരുവനന്തപുരം യൂണിറ്റ് ബ്യൂറോ ചീഫ് സാബു ജോണ് വിരമിച്ചു. മൂന്നര പതിറ്റാണ്ടിലേറെ നീണ്ട പത്രപ്രവർത്തന ജീവിതത്തിനൊടുവിലാണ് അദ്ദേഹം ദീപികയുടെ പടിയിറങ്ങുന്നത്.
1990ൽ ദീപികയിൽ പത്രാധിപ സമിതി അംഗമായി ചേർന്ന അദ്ദേഹം ദീപിക കോട്ടയം, എറണാകുളം, തൃശൂർ, തിരുവനന്തപുരം യൂണിറ്റുകളിലും കൊല്ലം, കൽപ്പറ്റ ബ്യൂറോകളിലും വിവിധ ചുമതലകൾ നിർവഹിച്ചു. തൃശൂരിൽ രാഷ്ട്രദീപിക ആരംഭിച്ചപ്പോൾ റിപ്പോർട്ടറായും എറണാകുളത്ത് സബ് എഡിറ്ററായും തിരുവനന്തപുരത്ത് രാഷ്ട്രദീപികയുടെ ആദ്യത്തെ എഡിറ്റർ ഇൻ-ചാർജ് ആയും നിയമിക്കപ്പെട്ടു. തുടർന്ന് തിരുവനന്തപുരം യൂണിറ്റിൽ ബ്യൂറോ ചീഫായും ന്യൂസ് എഡിറ്ററായും പ്രവർത്തിച്ചു.
നിയമസഭാ റിപ്പോർട്ടുകളിലൂടെയും അവലോകനങ്ങളിലൂടെയും തലസ്ഥാനത്തെ മാധ്യമലോകത്തും വായനക്കാരുടെ മനസിലും അദ്ദേഹം തന്റെ കൈയൊപ്പു ചാർത്തി. മാന്നാനം കെഇ കോളജിൽനിന്നു സാന്പത്തിക ശാസ്ത്രത്തിൽ റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം സാന്പത്തിക പത്രപ്രവർത്തന മേഖലയിലും മികവ് തെളിയിച്ചു.
കോട്ടയം അതിരന്പുഴ കുടിലിൽ പരേതരായ ജോണ് മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്. ന്യൂസ് 18 കേരളം ന്യൂസ് എഡിറ്റർ സിമി തോമസാണ് ഭാര്യ. മക്കൾ: ലിയ സാബു (ബിസിനസ് അനലിസ്റ്റ്, ലിങ്ക്ഡ്ഇൻ, ബംഗളൂരു), റിയ സാബു(ഡേറ്റ സയന്റിസ്റ്റ്, ഗെയ്ൽ, ബംഗളൂരു).
തിരുവനന്തപുരം യൂണിറ്റിൽ നടന്ന യാത്രയയപ്പു ചടങ്ങിൽ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് കന്പനിയുടെ ഉപഹാരം സമ്മാനിച്ചു.